
ഫറവോൻ കഠിന ഹൃദയമുള്ളവൻ ആകുമെന്ന് ദൈവം മോശെക്കും അഹരോനും മുന്നറിയിപ്പ് നൽകി. അവർ ഫറവോന്റെ അടുക്കൽ പോയപ്പോൾ ഫറവോനോടു പറഞ്ഞത്, “യിസ്രായേലിന്റെ ദൈവം പറയുന്നത് എന്തെന്നാൽ; “എന്റെ ജനത്തെ പോകുവാൻ അനുവദിക്കുക”. എന്നാൽ ഫറവോൻ അവരെ ശ്രദ്ധിച്ചില്ല. യിസ്രായേൽ ജനത്തെ സ്വതന്ത്രമായി പോകുന്നതിനു പകരം അവരുടെ മേൽ കഠിനമായ ജോലികൾ നൽകി.

ഫറവോൻ ജനത്തെ പോകുവാൻ അനുവദിക്കുന്നത് നിരസിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ദൈവം ഈജിപ്തിൽ അതിഭയങ്കരമായ പത്തു ബാധകൾ അയച്ചുകൊണ്ടിരുന്നു. ഈ ബാധകൾ മുഖാന്തിരം, ദൈവം ഫറവോന് അവനെക്കാളും സകല ഈജിപ്ത്യൻ ദൈവങ്ങളെക്കാളും താൻ ശക്തിമാൻ ആണെന്ന് കാണിച്ചു.

ദൈവം നൈൽ നദിയെ രക്തമാക്കി മാറ്റി, എങ്കിലും ഫറവോൻ ഇസ്രയേൽ ജനത്തെ പോകുവാൻ അനുവദിച്ചില്ല.

ദൈവം ഈജിപ്ത് മുഴുവൻ തവളകളെ അയച്ചു. ഫറവോൻ മോശെയോടു തവളകളെ നീക്കിക്കളയണം എന്നപേക്ഷിച്ചു. എന്നാൽ എല്ലാ തവളകളും ചത്തുപോയപ്പോൾ, ഫറവോൻ ഹൃദയം കഠിനമാക്കുകയും ഇസ്രയേല്യർ ഈജിപ്ത് വിട്ടുപോകുവാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.

അതുകൊണ്ട് ദൈവം പേനുകളുടെ ബാഥ അയച്ചു. അനന്തരം അവിടുന്ന് ഈച്ചകളുടെ ബാധ അയച്ചു. ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞത് അവർ ആ ബാധ നിർത്തലാക്കുമെങ്കിൽ, ഇസ്രയേല്യർ ഈജിപ്ത് വിട്ടുപോകാം എന്ന് പറഞ്ഞു. മോശെ പ്രാർത്ഥന കഴിച്ചപ്പോൾ, ദൈവം അവരുടെ സകല ഈച്ചകളെയും ഈജിപ്തിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഫറവോൻ തന്റെ ഹൃദയം കഠിനപ്പെടുത്തുകയും ജനത്തെ സ്വതന്ത്രമായി പോകുവാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.

അടുത്തതായി, ദൈവം ഈജിപ്ത്യർക്കുള്ള സകല കന്നുകാലികളെയും ബാധിച്ചു, അവ രോഗം ബാധിച്ചു ചാകുവാൻ ഇടയായി. എന്നാൽ ഫറവോന്റെ ഹൃദയം കഠിനപ്പെടുകയും, ഇസ്രയേല്യരെ പോകുവാൻ അനുവദിക്കാതെ ഇരിക്കുകയും ചെയ്തു.

അനന്തരം മോശെയോടു ദൈവം ഫറവോന്റെ മുൻപിൽ വെച്ചു ചാരം ആകാശത്തേക്ക് എറിയുവാൻ പറഞ്ഞു. താൻ അതു ചെയ്തപ്പോൾ, വേദനാജനകമായ ചർമവ്യാധി ഈജിപ്ത്യർക്ക് ഉണ്ടായി, എന്നാൽ ഇസ്രയേല്യരുടെ മേൽ വന്നില്ല. ദൈവമോ ഫറവോന്റെ ഹൃദയത്തെ കഠിനപ്പെടുത്തി, ഫറവോൻ ഇസ്രയേല്യരെ സ്വതന്ത്രരായി പോകുവാൻ അനുവദിച്ചതുമില്ല.

അതിനുശേഷം, ദൈവം മിസ്രയീമിലെ മിക്കവാറും കൃഷിയെയും പുറത്തേക്ക് ഇറങ്ങിപ്പോയ മനുഷ്യരെയും നശിപ്പിക്കത്തക്കവിധം കല്മഴയെ അയച്ചു. ഫറവോൻ മോശെയും അഹരോനെയും വിളിച്ച് അവരോടു പറഞ്ഞത്, ഞാൻ പാപം ചെയ്തുപോയി, നിങ്ങൾക്ക് പോകാം.” അതുകൊണ്ട് മോശെ പ്രാർത്ഥന കഴിക്കുകയും, കല്മഴ ആകാശത്തു നിന്ന് പെയ്യുന്നത് നിൽക്കുകയും ചെയ്തു.

എന്നാൽ ഫറവോൻ വീണ്ടും പാപം ചെയ്യുകയും തന്റെ ഹൃദയത്തെ കഠിനപ്പെടുത്തുകയും ചെയ്തു. താൻ ഇസ്രയേൽ ജനത്തെ സ്വതന്ത്രരായി വിട്ടയച്ചതും ഇല്ല.

അതുകൊണ്ട് ദൈവം വെട്ടുക്കിളികളുടെ കൂട്ടത്തെ ഈജിപ്തിൽ വരുത്തി. ഈ വെട്ടുക്കിളികൾ കല്മഴ നശിപ്പിക്കാതെ വിട്ടിരുന്ന മുഴുവൻ വിളകളെയും തിന്നു നശിപ്പിച്ചു.

അനന്തരം ദൈവം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കൂരിരുട്ട് അയച്ചു, അതിനാൽ ഈജിപ്ത്യർക്കു അവരുടെ വീടുകളെ വിട്ടു പുറത്തിറങ്ങുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇസ്രയേല്യർ ജീവിച്ചിരുന്നിടത്തു വെളിച്ചം ഉണ്ടായിരുന്നു.

ഈ ഒൻപതു ബാധകൾക്കു ശേഷവും, ഫറവോൻ ഇസ്രയേൽ ജനത്തെ സ്വതന്ത്രരായി വിട്ടയക്കുവാൻ വിസ്സമ്മതിച്ചു. ഫറവോൻ ശ്രദ്ധിക്കാതെ ഇരുന്നതിനാൽ, ദൈവം ഒരു അവസാന ബാധയെ അയക്കുവാൻ പദ്ധതിയിട്ടു. അത് ഫറവോന്റെ മനസ്സ് മാറ്റും.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
