ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി
1 സാമുവൽ 10; 15–19; 24; 31; 2 സാമുവൽ 5; 7; 11–12

ശൌൽ ഇസ്രയേലിന്റെ ആദ്യത്തെ രാജാവ് ആയിരുന്നു. ജനം താല്പര്യപ്പെട്ട പ്രകാരം താൻ ഉയരവും സൗന്ദര്യവും ഉള്ളവൻ ആയിരുന്നു. ഇസ്രയേലിനെ ഭരിച്ചിരുന്ന ആദ്യ ചില വർഷങ്ങളിൽ താൻ ഒരു നല്ല രാജാവായിരുന്നു. എന്നാൽ പിന്നീട് താൻ ദൈവത്തെ അനുസരിക്കാത്ത ഒരു ദുഷ്ട മനുഷ്യനാകുകയും, അതിനാൽ ഒരു ദിവസം അവന്റെ സ്ഥാനത്തു രാജാവാകേണ്ടതിനു ദൈവം വേറൊരു മനുഷ്യനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ദൈവം ദാവീദ് എന്നു പേരുള്ള ഒരു യുവ ഇസ്രയേല്യനെ തിരഞ്ഞെടുക്കുകയും ശൌലിനു ശേഷം രാജാവാകേണ്ടതിന് അവനെ തയ്യാറാക്കുവാൻ തുടങ്ങുകയും ചെയ്തു. ദാവീദ് ബേത്‌ലഹേം പട്ടണത്തിൽ നിന്നുള്ള ഒരു ഇടയൻ ആയിരുന്നു. വ്യത്യസ്ത സമയങ്ങളിലായി തന്റെ പിതാവിന്റെ ആടുകളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോൾ ആക്രമിക്കാൻ വന്നിരുന്ന ഒരു സിംഹത്തെയും ഒരു കരടിയെയും ദാവീദ് കൊന്നു. ദാവീദ് താഴ്മയും നീതിയുമുള്ള ഒരു മനുഷ്യൻ ആയിരുന്നു. അവൻ ദൈവത്തെ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്തുവന്നിരുന്നു.

ദാവീദ് ഒരു യുവാവ് ആയിരിക്കുമ്പോൾ, താൻ ഗോല്യാത്ത് എന്നു പേരുള്ള ഒരു മല്ലനെതിരെ യുദ്ധം ചെയ്തു. അവൻ വളരെ ശക്തനും മൂന്നു മീറ്ററോളം ഉയരം ഉള്ളവനും ആയിരുന്നു! എന്നാൽ ഗോല്യാത്തിനെ കൊല്ലുവാനും ഇസ്രയേലിനെ രക്ഷിക്കുവാനുമായി ദൈവം ദാവീദിനെ സഹായിച്ചു. അതിനുശേഷം, ദാവീദ് ഇസ്രയേലിന്റെ ശത്രുക്കളുടെ മേൽ നിരവധി വിജയം കണ്ടെത്തിയിരുന്നു. ദാവീദ് ഒരു ശക്തനായ യോദ്ധാവാകുകയും, നിരവധി യുദ്ധങ്ങളിൽ ഇസ്രയേലിനെ നയിക്കുകയും ചെയ്തു. ജനം അവനെ വളരെ പ്രശംസിച്ചു.

ജനം ദാവീദിനെ വളരെ സ്നേഹിച്ചതിനാൽ ശൌൽ രാജാവ് അവനെക്കുറിച്ചു വളരെ അസൂയപൂണ്ടു. അവസാനം ശൌൽ അവനെ കൊല്ലണമെന്ന് ആഗ്രഹിച്ചു, അതിനാൽ ദാവീദ് അവനിൽനിന്നും തന്റെ സൈനികരിൽ നിന്നും ഒളിച്ചിരിക്കേണ്ടതിനുവേണ്ടി മരുഭൂമിയിലേക്ക് ഓടിപ്പോയി. ഒരു ദിവസം, ശൌലും തന്റെ സൈനികരും അവനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ, ശൌൽ ഒരു ഗുഹയിലേക്ക് പോയി. അതേ ഗുഹയിൽ ദാവീദ് ഒളിച്ചിരിക്കുകയായിരുന്നു, എന്നാൽ ശൌൽ അവനെ കണ്ടില്ല. ദാവീദ് ശൌലിന്റെ വളരെ അടുത്തു പുറകിൽ ചെല്ലുകയും തന്റെ വസ്ത്രത്തിന്റെ ഒരു കഷണം മുറിച്ചെടുക്കുകയും ചെയ്തു. പിന്നീട്, ശൌൽ ആ ഗുഹ വിട്ടു പോയപ്പോൾ, ദാവീദ് അവനോട് ഉറക്കെ വിളിച്ചു കൂവി തന്റെ കയ്യിൽ ഉണ്ടായിരുന്ന വസ്ത്രം കാണിക്കുകയും ചെയ്തു. ഇപ്രകാരം, ദാവീദ് താൻ രാജാവാകേണ്ടതിനു വേണ്ടി അവനെ കൊല്ലുന്നതിനു വിസ്സമ്മതിച്ചു എന്നു ഗ്രഹിച്ചു.

കുറച്ചു കാലങ്ങൾക്കു ശേഷം, ശൌൽ യുദ്ധത്തിൽ കൊല്ലപ്പെടുകയും, ദാവീദ് ഇസ്രയേലിനു രാജാവാകുകയും ചെയ്തു. താൻ ഒരു നല്ല രാജാവാകയാൽ ജനങ്ങൾ അവനെ സ്നേഹിക്കുകയും ചെയ്തു. ദൈവം ദാവീദിനെ അനുഗ്രഹിക്കുകയും വിജയിയാക്കുകയും ചെയ്തു. ദാവീദ് നിരവധി യുദ്ധങ്ങൾ നടത്തുകയും, ഇസ്രയേലിന്റെ ശത്രുക്കളെ പരാജയപ്പെടുത്തുവാൻ ദൈവം അവനെ സഹായിക്കുകയും ചെയ്തു. ദാവീദ് യെരുശലേം പട്ടണത്തെ പിടിച്ചടക്കുകയും അതിനെ തന്റെ തലസ്ഥാന നഗരിയാക്കുകയും അവിടെ താമസിച്ചു ഭരണം നടത്തുകയും ചെയ്തു. ദാവീദ് നാൽപ്പതു വർഷം രാജാവായിരുന്നു. ഈ കാലഘട്ടത്തിൽ ഇസ്രയേൽ വളരെ ശക്തവും സമ്പന്നവും ആയിത്തീർന്നു.

എല്ലാ ഇസ്രേല്യർക്കും ദൈവത്തെ ആരാധിക്കുവാനും അവന് യാഗങ്ങൾ അർപ്പിക്കുവാനുമായി ഒരു ദൈവാലയം പണിയണമെന്നു ദാവീദ് ആഗ്രഹിച്ചു. 400 വർഷങ്ങളായി ജനം മോശെ സ്ഥാപിച്ച സമാഗമന കൂടാരത്തിൽ ആയിരുന്നു ആരാധന നടത്തിയതും യാഗങ്ങൾ അർപ്പിച്ചുവന്നതും.

എന്നാൽ അവിടെ നാഥാൻ എന്നു പേരുള്ള ഒരു പ്രവാചകൻ ഉണ്ടായിരുന്നു. ദൈവം അദ്ദേഹത്തെ ദാവീദിന്റെ അടുക്കൽ അയച്ചു പറഞ്ഞത്: “നീ വളരെ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്, അതിനാൽ നീ എനിക്ക് ആലയം പണിയുകയില്ല. നിന്റെ മകൻ അതു പണിയും. എന്നാൽ, ഞാൻ നിന്നെ വളരെ അനുഗ്രഹിക്കും. നിന്റെ സന്തതികളിൽ ഒരുവൻ എന്നെന്നേക്കും എന്റെ ജനത്തിന്മേൽ ഭരണം നടത്തും!” മശീഹ മാത്രമായിരിക്കും ദാവീദിന്റെ സന്തതികളിൽ എന്നെന്നേക്കും ഭരണം നടത്തുന്നവൻ. മശീഹയാണ് ലോകത്തിലെ ജനങ്ങളെ അവരുടെ പാപത്തിൽ നിന്നു രക്ഷിക്കുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ.

ദാവീദ് നാഥാന്റെ സന്ദേശം കേട്ടപ്പോൾ, ദൈവത്തിനു നന്ദി പറയുകയും സ്തുതിക്കു കയും ചെയ്തു. ദൈവം അവനെ മാനിക്കുകയും നിരവധി അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. തീർച്ചയായും, ദാവീദിന് ദൈവം ഈ കാര്യങ്ങൾ എപ്പോൾ ചെയ്യും എന്ന് അറിയുകയില്ലായിരുന്നു. മശീഹ വരുന്നതിനു മുൻപായി ഇസ്രയേല്യർ ദീർഘകാലം, ഏകദേശം 1,000 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്ന് നമുക്കറിയാം.

ദാവീദ് തന്റെ ജനത്തെ ദീർഘവർഷങ്ങൾ നീതിയോടെ ഭരിച്ചു. താൻ ദൈവത്തെ വളരെയധികം അനുസരിക്കുകയും, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. എങ്കിലും, തന്റെ ജീവിതാവസാനത്തിൽ ദൈവത്തിനെതിരെ ഭയങ്കര പാപം ചെയ്തു.

ഒരു ദിവസം ദാവീദ് തന്റെ അരമനയുടെ മുകളിൽനിന്നു നോക്കുമ്പോൾ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. തനിക്ക് അവളെ അറിയുകയില്ല, എന്നാൽ അവളുടെ പേര് ബെത്ശേബ എന്നു താൻ മനസ്സിലാക്കി.

തന്റെ നോട്ടം മാറ്റുന്നതിനു പകരം, ആളെ ദാവീദ് അവളെ തന്റെ അടുക്കൽ കൊണ്ടുവരുന്നതിനായി ഒരാളെ അയച്ചു. അവൻ അവളോടുകൂടെ ശയിക്കുകയും അനന്തരം വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. അല്പനാളുകൾക്കു ശേഷം ബെത്ശേബ ദാവീദിനു താൻ ഗർഭിണി ആയിരിക്കുന്നു എന്ന സന്ദേശം അയച്ചു.

ബെത്ശേബയുടെ ഭർത്താവ് ഊരിയാവ് എന്നു പേരുള്ള മനുഷ്യൻ ആയിരുന്നു. താൻ ദാവീദിന്റെ നല്ല സൈനികരിൽ ഒരാളായിരുന്നു. ആ സമയത്ത് താൻ ദൂരെ ഒരു സ്ഥലത്ത് യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ദാവീദ് ഊരിയാവിനെ യുദ്ധസ്ഥലത്തു നിന്നു വിളിക്കുകയും ഭാര്യയുടെ അടുക്കൽ പോകുവാൻ പറയുകയും ചെയ്തു. എന്നാൽ അവൻ, സൈനികരെല്ലാം യുദ്ധഭൂമിയിൽ ആയിരിക്കെ താൻ മാത്രമായി ഭവനത്തിൽ പോകുവാൻ വിസ്സമ്മതിച്ചു. ആയതിനാൽ ദാവീദ് ഊരിയാവിനെ യുദ്ധത്തിനായി മടക്കി അയക്കുകയും താൻ കൊല്ലപ്പെടുവാൻ തക്കവിധം ശത്രു ഏറ്റവും ശക്തമായി കാണപ്പെടുന്ന സ്ഥലത്ത് നിർത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സംഭവിച്ചത്: ഊരിയാവു യുദ്ധത്തിൽ കൊല്ലപ്പെട്ടു.

ഊരിയാവ് യുദ്ധത്തിൽ മരിച്ചതിനു ശേഷം, ദാവീദ് ബെത്ശേബയെ വിവാഹം കഴിച്ചു. അനന്തരം അവൾ ദാവീദിന്റെ മകനു ജന്മം നൽകി. ദാവീദ് ചെയ്ത കാര്യം നിമിത്തം ദൈവം വളരെ കോപിഷ്ടനായി, അതിനാൽ ദൈവം നാഥാൻ പ്രവാചകനെ അയച്ചു ദാവീദ് ചെയ്ത പാപം എത്ര കഠിനമായത് എന്നു പറയിച്ചു. ദാവീദ് തന്റെ പാപത്തെ ക്കുറിച്ചു മാനസ്സാന്തരപ്പെടുകയും ദൈവം അവനോട് ക്ഷമിക്കുകയും ചെയ്തു. തുടർന്നു തന്റെ ജീവിതകാലമെല്ലാം, വളരെ പ്രയാസം ഉള്ള സമയങ്ങളിലും ദാവീദ് ദൈവത്തെ പിന്തുടരുകയും അനുസരിക്കുകയും ചെയ്തു.

എന്നാൽ ദാവീദിന്റെ മകൻ മരിച്ചു. ഇപ്രകാരം ദൈവം ദാവീദിനെ ശിക്ഷിച്ചു. മാത്രമല്ല, തന്റെ കുടുംബത്തിൽ ഉണ്ടായിരുന്ന ചിലർ ദാവീദിന്റെ മരണം വരെയും അവനെതിരെ യുദ്ധം ചെയ്തുവന്നു, ദാവീദിന് തന്റെ അധികാരം കുറയുവാൻ ഇടയായി. എന്നാൽ ദാവീദ് അവിശ്വസ്തൻ ആയെങ്കിൽ പ്പോലും ദൈവം താൻ ചെയ്യുമെന്നു ദാവീദിനോടു വാഗ്ദത്തം ചെയ്തതു നിവർത്തിക്കുവാൻ വിശ്വസ്തൻ ആയിരുന്നു. പിന്നീട് ദാവീദിനും ബെത്ശേബയ്ക്കും ഒരു മകൻ ഉണ്ടായി. അവർ അവനു ശലോമോൻ എന്ന് പേരിട്ടു.
ശുഭം
നിങ്ങൾ ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: 1 സാമുവൽ 10; 15–19; 24; 31; 2 സാമുവൽ 5; 7; 11–12.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
