പ്രവാസവും മടങ്ങിവരവും
2 രാജാക്കന്മാർ 17; 24–25; 2 ദിനവൃത്താന്തം 36; എസ്രാ 1–10; നെഹെമിയാ 1–13

ഇസ്രയേൽ രാജ്യവും യൂദ രാജ്യവും ദൈവത്തിന്നെതിരായി പാപം ചെയ്തു. സീനായിൽ വെച്ച് ദൈവം അവരോടു ചെയ്ത ഉടമ്പടി അവർ ലംഘിച്ചു. അവർ മനംതിരിയുവാനും അവനെ ആരാധിക്കാനുമായി മുന്നറിയിപ്പ് നൽകുവാൻ ദൈവം തന്റെ പ്രവാചകന്മാരെ അയച്ചു, എങ്കിലും അവർ അനുസരിക്കുവാൻ വിസ്സമ്മതിച്ചു.

ആകയാൽ അവരുടെ ശത്രുക്കൾ അവരെ നശിപ്പിക്കേണ്ടതിനു ദൈവം അനുവദിച്ചുകൊണ്ട് അവരെ ശിക്ഷിച്ചു. വളരെ ശക്തിപ്രാപിച്ചു വന്ന വേറൊരു രാഷ്ട്രം ആയിരുന്നു അശ്ശൂർ. അവർ മറ്റു രാജ്യങ്ങളോട് വളരെ ക്രൂരമായി പ്രവർത്തിച്ചു വന്നിരുന്നു. അവർ വന്ന് ഇസ്രയേൽ രാജ്യത്തെ നശിപ്പിച്ചു. അവർ വന്ന് ഇസ്രയേൽ രാജ്യത്തിലെ നിരവധി ആളുകളെ കൊല്ലുകയും, അവർ ആഗ്രഹിച്ചതെല്ലാം എടുത്തുകൊണ്ടുപോകുകയും രാജ്യത്തിന്റെ അധികവും കത്തിക്കുകയും ചെയ്തു.

അശ്ശൂര്യർ എല്ലാ നേതാക്കന്മാരെയും, ധനവാന്മാരെയും, വിലയേറിയ കാര്യങ്ങൾ ഉണ്ടാക്കുന്നവരെയും ഏവരെയും ഒന്നിച്ചുകൂട്ടി, അവരെ അശൂരിലേക്ക് കൊണ്ടുപോയി. വെറും പാവപ്പെട്ട ഇസ്രയേല്യരിൽ ചിലർ മാത്രം ഇസ്രയേലിൽ ശേഷിച്ചു.

തുടർന്ന് വിദേശികളെ അശൂര്യർ ദേശത്തു പാർക്കുവനായി കൊണ്ടുവന്നു. വിദേശികൾ പട്ടണങ്ങളെ പുനർനിർമ്മാണം ചെയ്തു. അവിടെ ശേഷിച്ച ഇസ്രയേൽ ജനത്തിൽനിന്നും വിവാഹം കഴിച്ചു. ഈ ജനത്തിന്റെ സന്തതികളെ ‘ശമര്യക്കാർ’ എന്നു വിളിച്ചിരുന്നു.

ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാതിരുന്ന ഇസ്രയേൽ രാജ്യത്തെ ദൈവം എപ്രകാരം ശിക്ഷിച്ചു എന്ന് യഹൂദരാജ്യത്തിലെ ജനം കണ്ടു. എന്നാൽ അവരും കനാന്യ ദൈവങ്ങൾ ഉൾപ്പെടെയുള്ള വിഗ്രഹങ്ങളെ ആരാധിച്ചു വന്നു. ദൈവം മുന്നറിയിപ്പ് നൽകുവാനായി ദൈവം പ്രവാചകന്മാരെ അയച്ചുവെങ്കിലും അവർ കേൾക്കുവാൻ വിസമ്മതിച്ചു.

ഇസ്രയേൽ ദേശത്തെ അശൂര്യർ നശിപ്പിച്ചു 100 വർഷങ്ങൾക്കു ശേഷം, ബാബിലോന്യ രാജാവായ നെബുഖദ് നെസ്സരിനെ യഹൂദ രാജ്യം അക്രമിക്കുവാനായി ദൈവം അയച്ചു. ബാബിലോൺ ഒരു ശക്തമായ രാജ്യം ആയിരുന്നു. യഹൂദ രാജാവ് നെബുഖദ്നെസ്സർ രാജാവിന് സേവകൻ ആകുവാനും, എല്ലാവർഷവും ധാരാളം പണം നൽകാമെന്നും സമ്മതിച്ചു.

എന്നാൽ ചില വർഷങ്ങൾക്കു ശേഷം, യഹൂദ രാജാവ് ബാബിലോണിന് എതിരായി മത്സരിച്ചു. ആയതിനാൽ ബാബിലോന്യർ മടങ്ങിവന്നു യഹൂദരാജ്യത്തെ ആക്രമിച്ചു. അവർ യെരുശലേം പട്ടണം പിടിച്ചടക്കുകയും ദൈവാലയം നശിപ്പിക്കുകയും, പട്ടണത്തിലും ദൈവാലയത്തിലും ഉണ്ടായിരുന്ന സകല സമ്പത്തും കൊണ്ടുപോയി.

യഹൂദ രാജാവിന്റെ മത്സരത്തിനു ശിക്ഷ നൽകുവാനായി, നെബുഖദ്നേസ്സർ രാജാവിന്റെ സൈനികർ രാജാവിന്റെ പുത്രന്മാരെ തന്റെ കണ്ണിൻ മുൻപിൽ വെച്ച് വധിക്കുകയും, തന്നെ അന്ധൻ ആക്കുകയും ചെയ്തു. അതിനുശേഷം, രാജാവിനെ പിടിച്ചുകൊണ്ടു പോകുകയും താൻ ബാബിലോണിൽ ഉള്ള കാരാഗ്രഹത്തിൽ വെച്ച് മരിക്കുകയും ചെയ്തു.

നെബുഖദ്നേസ്സരും തന്റെ സൈന്യവും യഹൂദ രാജ്യത്തിലെ ഒട്ടുമിക്കവാറും ജനത്തെ ബാബിലോണിലേക്ക് കൊണ്ടു പോയി, ഏറ്റവും പാവപ്പെട്ടവരായ ജനത്തെ മാത്രം വയലിൽ കൃഷി ചെയ്യുവാനായി വിട്ടു. ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ജനം വാഗ്ദത്തദേശം വിട്ടുപോകുവാൻ നിർബന്ധിതരായപ്പോഴുള്ള സമയത്തെ പ്രവാസം എന്നു വിളിച്ചു.

ദൈവം തന്റെ ജനത്തെ അവരുടെ പാപം നിമിത്തം ശിക്ഷിച്ചു പ്രവാസത്തിൽ കൊണ്ടുപോയെങ്കിലും, ദൈവം അവരെയോ തന്റെ വാഗ്ദത്തങ്ങളെയോ മറന്നില്ല. ദൈവം തന്റെ ജനത്തെ തുടർച്ചയായി വീക്ഷിക്കുകയും തന്റെ പ്രവാചകന്മാരിൽകൂടെ അവരോടു സംസാരിക്കുകയും ചെയ്തുവന്നു. അവിടുന്ന് വാഗ്ദത്തം ചെയ്തത്, എഴുപതു വർഷങ്ങൾക്കു ശേഷം, വീണ്ടും അവർ വാഗ്ദത്ത ദേശത്തിലേക്കു മടങ്ങിവരുമെന്നായിരുന്നു.

ഏകദേശം എഴുപതു വർഷങ്ങൾക്കു ശേഷം, പേർഷ്യൻ രാജാവായ കോരേശ്, ബാബിലോന്യരെ പരാജയപ്പെടുത്തുകയും, പേർഷ്യൻ സാമ്രാജ്യം ബാബിലോണ്യൻ സാമ്രാജ്യത്തിനു പകരം അനേക രാജ്യങ്ങളെ ഭരിച്ചു. ഇപ്പോൾ ഇസ്രയേല്യരെ യഹൂദന്മാർ എന്ന് വിളിച്ചിരുന്നു. അവരിൽ മിക്കപേരും അവരുടെ മുഴുവൻ ആയുസ്സും ബാബിലോണിൽ തന്നെ ജീവിച്ചു. അവരിൽ പ്രായം ഉള്ള വളരെ കുറച്ചുപേർ മാത്രമേ യഹൂദ ദേശത്തെകുറിച്ച് ഓർമ്മയുള്ളവരായി ഉണ്ടായിരുന്നുള്ളൂ.

പേർഷ്യക്കാർ വളരെ ശക്തരായിരുന്നു എന്നാൽ, അവർ കീഴടക്കിയ ജനങ്ങളോട് കരുണയുള്ളവർ ആയിരുന്നു. കൊരേശ് പേർഷ്യക്കാരുടെ രാജാവായി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ, ഏതെങ്കിലും യഹൂദൻ പേർഷ്യയിൽ നിന്നും യഹൂദയിലേക്ക് പോകുവാൻ താൽപ്പര്യപ്പെടുന്നു എങ്കിൽ യഹൂദയിലേക്ക് മടങ്ങിപ്പോകാം എന്ന് കൽപ്പന നൽകി. അവർ ദേവാലയം പുതുക്കിപ്പണിയേണ്ടതിനു പണവും നൽകി. അങ്ങനെ, എഴുപതു വർഷങ്ങളുടെ പ്രവാസത്തിനു ശേഷം, ഒരു ചെറിയ സംഘം യഹൂദന്മാർ യഹൂദയിൽ ഉള്ള യെരുശലേം പട്ടണത്തിലേക്ക് മടങ്ങി വന്നു.

ജനം യെരുശലേമിൽ എത്തിയപ്പോൾ, അവർ ദൈവാലയവും പട്ടണത്തിനു ചുറ്റും മതിലും പുതുക്കിപ്പണിതു. പേർഷ്യക്കാർ ഇപ്പോഴും അവരെ ഭരിച്ചുകൊണ്ടിരുന്നു, എന്നാൽ ഒരിക്കൽകൂടി അവർക്ക് വാഗ്ദത്ത ദേശത്ത് താമസിക്കുകയും ദൈവാലയത്തിൽ ആരാധിക്കുകയും ചെയ്യുക ആയിരുന്നു.
ശുഭം
നിങ്ങൾ പ്രവാസവും മടങ്ങിവരവും വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: 2 രാജാക്കന്മാർ 17; 24–25; 2 ദിനവൃത്താന്തം 36; എസ്രാ 1–10; നെഹെമിയാ 1–13.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
