
പൂർവകാലങ്ങളിൽ, ദൈവം തന്റെ പ്രവാചകന്മാരോട് സംസാരിക്കുകയും അവർ തന്റെ ജനത്തോടു സംസാരിക്കുകയും ചെയ്തു. എന്നാൽ ദൈവം അവരോടു സംസാരിക്കാതെ 400 വർഷങ്ങൾ കഴിഞ്ഞുപോയി. അനന്തരം ദൈവം ഒരു ദൂതനെ സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതന്റെ അടുക്കലേക്ക് അയച്ചു. സെഖര്യാവും തന്റെ ഭാര്യ എലിസബെത്തും ദൈവത്തെ ബഹുമാനിച്ചിരുന്നു. അവർ വളരെ പ്രായമുള്ളവരും അവൾ ഒരിക്കലും മക്കളെ പ്രസവിച്ചിട്ടില്ലാത്തവളും ആയിരുന്നു.

ദൈവദൂതൻ സെഖര്യാവിനോട് പറഞ്ഞത്, “നിന്റെ ഭാര്യയ്ക്ക് ഒരു മകൻ ജനിക്കും. നീ അവനു യോഹന്നാൻ എന്ന് പേരിടണം. ദൈവം അവനെ പരിശുദ്ധാത്മാവിൽ നിറയ്ക്കും, യോഹന്നാൻ മശീഹയെ സ്വീകരിക്കുവാനായി ജനത്തെ ഒരുക്കുകയും ചെയ്യും!” സെഖര്യാവ് പ്രതിവചിച്ചത്, “ഞാനും എന്റെ ഭാര്യയും കുഞ്ഞുങ്ങൾ ജനിക്കുവാൻ സാധ്യമല്ലാത്തവിധം വളരെ പ്രായം ചെന്നവരാകുന്നു! നീ ഞങ്ങളോട് സത്യമാണ് പറയുന്നതെന്ന് ഞാൻ എപ്രകാരം അറിയും?”

ദൈവദൂതൻ സെഖര്യാവിനോട് മറുപടി പറഞ്ഞതു, “ഞാൻ ഈ സദ്വർത്തമാനം നിനക്ക് കൊണ്ടുവരുവാൻ ദൈവത്താൽ അയക്കപ്പെട്ടവൻ ആകുന്നു. നീ എന്നെ വിശ്വസിക്കായ്കയാൽ, കുഞ്ഞ് ജനിക്കുന്നതുവരെയും നിനക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കും. ഉടൻ തന്നെ സെഖര്യാവിന് സംസാരിക്കുവാൻ കഴിയാതെ പോയി. അനന്തരം ദൈവദൂതൻ സെഖര്യാവിനെ വിട്ടുപോയി. അതിനു ശേഷം, സെഖര്യാവ് ഭവനത്തിലേക്ക് മടങ്ങിപ്പോയി, തന്റെ ഭാര്യ ഗർഭിണി ആകുകയും ചെയ്തു.

എലിസബെത്ത് ആറു മാസം ഗർഭിണി ആയിരുന്നപ്പോൾ, അതേ ദൂതൻ പെട്ടെന്ന് എലിസബെത്തിന്റെ ബന്ധുവായ, മറിയ എന്നു പേരുള്ള വ്യക്തിക്ക് വെളിപ്പട്ടു. അവൾ ഒരു കന്യകയും യോസേഫ് എന്നു പേരുള്ള വ്യക്തിക്ക് വിവാഹ നിശ്ചയം കഴിഞ്ഞവളും ആയിരുന്നു. ദൈവദൂതൻ പറഞ്ഞത്, നീ ഗർഭവതി ആയി ഒരു മകനെ പ്രസവിക്കും. നീ അവനു യേശു എന്ന് പേരിടണം. അവൻ അത്യുന്നത ദൈവത്തിന്റെ പുത്രനായി എന്നെന്നേക്കും ഭരിക്കുന്നവൻ ആകും.

മറിയ മറുപടി പറഞ്ഞത്, “ഞാൻ കന്യക ആയിരിക്കെ, ഇതു എപ്രകാരം സംഭവിക്കും?” അപ്പോൾ ദൂതൻ വിശദീകരിച്ചത്, “പരിശുദ്ധാത്മാവ് നിന്റെയടുക്കൽ വരും, ദൈവത്തിന്റെ ശക്തിയും നിന്റെ അടുക്കൽ വരും. ആയതിനാൽ ശിശു പരിശുദ്ധൻ ആയിരിക്കും, അവൻ ദൈവത്തിന്റെ പുത്രൻ ആയിരിക്കും.”. ദൂതൻ പറഞ്ഞതു മറിയ വിശ്വസിച്ചു.

ഇതു സംഭവിച്ച ഉടനെ, മറിയ പോയി എലിസബെത്തിനെ സന്ദർശിച്ചു. മറിയ അവളെ വന്ദനം ചെയ്ത ഉടനെ, എലിസബെത്തിന്റെ ഉദരത്തിനകത്ത് ശിശു തുള്ളി. ദൈവം അവർക്ക് ചെയ്തതു നിമിത്തം ഈ സ്ത്രീകൾ ഒരുമിച്ചു സന്തോഷിച്ചു. മറിയ എലിസബെത്തിനെ സന്ദർശിച്ചു മൂന്നു മാസം അവിടെ താമസിച്ചതിനു ശേഷം മറിയ ഭവനത്തിലേക്ക് മടങ്ങി.

ഇതിനുശേഷം, എലിസബത്ത് അവളുടെ ആൺകുഞ്ഞിനു ജന്മം നൽകി. സെഖര്യാവും എലിസബെത്തും കുഞ്ഞിനു ദൈവദൂതൻ കല്പ്പിച്ച പ്രകാരം യോഹന്നാൻ എന്ന് പേരിട്ടു. അനന്തരം ദൈവം സെഖര്യാവിന് വീണ്ടും സംസാരശേഷി നൽകി. സെഖര്യാവ് പറഞ്ഞത്, "ദൈവത്തിനു സ്തുതി, ദൈവം തന്റെ ജനത്തെ സഹായിക്കുവാൻ ഓർത്തുവല്ലോ! നീയോ, എന്റെ മകനേ, അത്യുന്നതനായ ദൈവത്തിന്റെ പ്രവാചകൻ ആയിരിക്കും. നീ ജനത്തിന് അവരുടെ പാപങ്ങൾക്ക് എപ്രകാരം ക്ഷമ പ്രാപിക്കുവാൻ കഴിയുമെന്ന് പ്രസ്താവിക്കും!”
ശുഭം
നിങ്ങൾ യോഹന്നാന്റെ ജനനം വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ലൂക്കാ 1.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
