യേശു അയ്യായിരം പേരെ പോഷിപ്പിക്കുന്നു
മത്തായി 14:13–21; മർക്കോസ് 6:31–44; ലൂക്കാ 9:10–17; യോഹന്നാൻ 6:5–15

യേശു തന്റെ അപ്പൊസ്തലന്മാരെ ജനത്തോടു പ്രസംഗിക്കുവാനും പഠിപ്പിക്കുവാനുമായി നിരവധി വ്യത്യസ്ത ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചു. യേശു ആയിരുന്ന ഇടത്ത് മടങ്ങിവരുമ്പോൾ, അവർ എന്താണ് ചെയ്തതെന്ന് അവനോടു പറഞ്ഞു. അനന്തരം യേശു അവരെ തന്നോടുകൂടെ തടാകത്തിനക്കരെ ശാന്തമായ സ്ഥലത്തേക്ക് അൽപസമയത്തെ വിശ്രമത്തിനായി പോകുവാൻ ക്ഷണിച്ചു. അതിനാൽ അവർ ഒരു ബോട്ടിൽ കയറി തടാകത്തിന്റെ മറുകരയിലേക്ക് പോയി.

എന്നാൽ യേശുവും ശിഷ്യന്മാരും പടകിൽ പോകുന്നത് കണ്ട വളരെ ജനങ്ങൾ അവിടെയുണ്ടായിരുന്നു. ഈ ജനങ്ങൾ തടാകത്തിന്റെ തീരത്തുകൂടെ മറുകരയിൽ എത്തേണ്ടതിനു അവർക്കു മുൻപായി ഓടി. അങ്ങനെ യേശുവും ശിഷ്യന്മാരും എത്തിയപ്പോൾ, ഒരു വലിയകൂട്ടം ജനങ്ങൾ അവിടെ അവർക്കായി കാത്തിരിക്കുന്നതു കണ്ടു.

ആ ജനകൂട്ടത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളും അല്ലാതെ തന്നെ 5,000 പുരുഷന്മാർ ഉണ്ടായിരുന്നു. യേശുവിന് ആ പുരുഷാരത്തോടു മനസ്സലിവു തോന്നി. യേശുവിന്, ഈ ജനം ഇടയൻ ഇല്ലാത്ത ആടുകളെ പോലെ ആയിരുന്നു. അതിനാൽ അവിടുന്ന് അവരെ ഉപദേശിക്കുകയും അവരുടെ ഇടയിൽ രോഗികൾ ആയിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു.

പകൽ അവസാനിക്കാറായപ്പോൾ, ശിഷ്യന്മാർ യേശുവിനോട്, “ഇരുട്ടാകാറായി അടുത്തൊന്നും പട്ടണങ്ങളും ഇല്ല, ജനം അവർക്കാവശ്യമായ ഭക്ഷണം കൊള്ളേണ്ടതിനു ജനത്തെ പറഞ്ഞയക്കേണം” എന്ന് പറഞ്ഞു.

എന്നാൽ യേശു ശിഷ്യന്മാരോട് പറഞ്ഞത്, “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ!” അവർ പ്രതികരിച്ചതു, “നമുക്ക് ഇത് എങ്ങനെ ചെയ്യുവാൻ കഴിയും? നമ്മുടെ പക്കൽ അഞ്ച് അപ്പവും രണ്ട് ചെറിയ മീനും മാത്രമേ ഉള്ളുവല്ലോ.”

യേശു തന്റെ ശിഷ്യന്മാരോട്, ജനം അമ്പതു പേരുടെ കൂട്ടമായി പുൽപ്പുറത്ത് ഇരിക്കുവാൻ അവരോടു പറയുക എന്നു പറഞ്ഞു.

അനന്തരം യേശു അഞ്ച് അപ്പങ്ങളെയും രണ്ടു മീനുകളെയും കയ്യിൽ എടുത്തു സ്വർഗ്ഗത്തേക്കു നോക്കി, ആ ഭക്ഷണത്തിനായി ദൈവത്തിനു നന്ദി പറഞ്ഞു.

അനന്തരം യേശു അപ്പവും മീനും കഷണങ്ങളാക്കി നുറുക്കി. ആ കഷണങ്ങളെ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തിട്ടു ജനത്തിനു കൊടുക്കുവാൻ പറഞ്ഞു. ശിഷ്യന്മാർ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നു, അത് ഒരിക്കലും തീർന്നു പോയിരുന്നില്ല! സകല ജനങ്ങളും ഭക്ഷിച്ച് തൃപ്തരായി തീർന്നു.

അതിനുശേഷം, കഴിക്കാതെ ശേഷിച്ച ഭക്ഷണം ശിഷ്യന്മാർ പന്ത്രണ്ടു കൊട്ട നിറച്ചു ശേഖരിച്ചു! എല്ലാ ഭക്ഷണവും അഞ്ച് അപ്പത്തിൽനിന്നും രണ്ടു മീനിൽ നിന്നും വന്നവ ആയിരുന്നു.
ശുഭം
നിങ്ങൾ യേശു അയ്യായിരം പേരെ പോഷിപ്പിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 14:13–21; മർക്കോസ് 6:31–44; ലൂക്കാ 9:10–17; യോഹന്നാൻ 6:5–15.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
