യേശു ഒറ്റുകൊടുക്കപ്പെട്ടു
മത്തായി 26:14–56; മർക്കോസ് 14:10–50; ലൂക്കാ 22:1–53; യോഹന്നാൻ 18:1–11

എല്ലാ വർഷവും, യഹൂദന്മാർ പെസഹപ്പെരുന്നാൾ ആഘോഷിച്ചു. ഇത് അനേക നൂറ്റാണ്ടുകൾക്കു മുൻപ് അവരുടെ പൂർവികരെ എങ്ങനെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ദൈവം രക്ഷിച്ചതിന്റെ ഉത്സവം ആയിരുന്നു. യേശു പരസ്യമായി പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും തുടങ്ങി ഏകദേശം മൂന്നു വർഷങ്ങൾക്കു ശേഷം, യേശു ഈ പെസ്സഹ യെരുശലേമിൽ അവരോടൊപ്പം ആചരിക്കണം എന്നും, അവിടെവെച്ച് താൻ കൊല്ലപ്പെടുമെന്നും തന്റെ ശിഷ്യന്മാരോട് പറഞ്ഞു.

യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ യൂദ എന്ന് പേരുള്ള മനുഷ്യൻ ആയിരുന്നു. യൂദ അപ്പൊസ്തലന്മാരുടെ പണസഞ്ചിയുടെ ചുമതലക്കാരൻ ആയിരുന്നു, എന്നാൽ താൻ ഇടയ്ക്കിടെ ആ പണസഞ്ചിയിൽ നിന്ന് മോഷ്ടിച്ചിരുന്നു. യേശുവും ശിഷ്യന്മാരും യെരുശലേമിൽ എത്തിയശേഷം, യൂദ യഹൂദ നേതാക്കന്മാരുടെ അടുക്കൽ ചെന്നു. താൻ യേശുവിനെ പണത്തിനു പകരമായി ഒറ്റുകൊടുക്കാമെന്ന് വാക്കുകൊടുത്തു. യേശു മശീഹയായിരുന്നു എന്ന് യഹൂദ നേതാക്കന്മാർ അംഗീകരിക്കുകയില്ല എന്ന് താൻ അറിഞ്ഞി രുന്നു. അവനെ വധിക്കണം എന്ന് അവർ ആഗ്രഹിക്കുന്നത് അവന് അറിയാമായിരുന്നു.

യഹൂദ നേതാക്കന്മാർ, മഹാപുരോഹിതന്റെ നേതൃത്വത്തിൽ യെശുവിനെ കൈമാറി ഒറ്റുക്കൊടുക്കുവാൻ യൂദക്കു മുപ്പതു വെള്ളിക്കാശു കൊടുത്തു. ഇതു പ്രവാചകന്മാർ സംഭവിക്കുമെന്ന് പറഞ്ഞതുപോലെ തന്നെ നടന്നു. യൂദ സമ്മതിച്ചു പണം കൈപ്പറ്റുകയും, പോകുകയും ചെയ്തു. യേശുവിനെ പിടിക്കേണ്ടതിനു അവരെ സഹായിക്കുവാൻ അവൻ അവസരം നോക്കിക്കൊണ്ടിരുന്നു.

യെരുശലേമിൽ, യേശു തന്റെ ശിഷ്യന്മാരുമായി പെസഹ ആചരിച്ചു. പെസഹ ഭക്ഷണത്തിന്റെ സമയത്ത്, യേശു അപ്പം എടുത്തു നുറുക്കി. താൻ പറഞ്ഞത്, “ഇത് എടുത്തു ഭക്ഷിക്കുക. ഇതു ഞാൻ നിങ്ങൾക്കായി നൽകുന്ന എന്റെ ശരീരം ആകുന്നു. എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ” എന്നാണ്. ഇപ്രകാരം, താൻ അവർക്കു വേണ്ടി മരിക്കും, അവർക്കു വേണ്ടി തന്റെ ശരീരം യാഗമായി അർപ്പിക്കും എന്ന് യേശു പറഞ്ഞു.

അനന്തരം യേശു ഒരു പാനപാത്രം വീഞ്ഞ് എടുത്തു, “ഇതു കുടിക്കുക . ഇതു ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുവാൻ വേണ്ടി ഞാൻ ചൊരിയുന്ന പുതിയ നിയമത്തിന്റെ എന്റെ രക്തം ആകുന്നു. നിങ്ങൾ പാനം ചെയ്യുമ്പോഴെല്ലാം എന്നെ ഓർമ്മിക്കേണ്ടതിനു ഞാൻ ഇപ്പോൾ ചെയ്യുന്നതു നിങ്ങളും ചെയ്യുവിൻ” എന്ന് പറഞ്ഞു.

പിന്നീട് യേശു ശിഷ്യന്മാരോട്, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റുകൊടുക്കും” എന്ന് പറഞ്ഞു. ശിഷ്യന്മാർ ഞെട്ടിപ്പോയി, ഇപ്രകാരമുള്ള കാര്യം ചെയ്യുന്നവൻ ആർ എന്ന് ചോദിച്ചു. യേശു പറഞ്ഞു, “ഞാൻ ഈ അപ്പത്തിന്റെ കഷണം ആർക്കു കൊടുക്കുന്നുവോ അവൻ തന്നെ ഒറ്റുകാരൻ.” തുടർന്നു താൻ ആ അപ്പം യൂദായ്ക്കു കൊടുത്തു.

യൂദാ അപ്പം വാങ്ങിയശേഷം, സാത്താൻ അവന്റെ ഉള്ളിൽ പ്രവേശിച്ചു. യൂദാ പുറപ്പെട്ടുപോയി യേശുവിനെ പിടിക്കേണ്ടതിനു യഹൂദാനേതാക്കന്മാരെ സഹായിക്കേണ്ടതിനായി പോയി. അതു രാത്രി സമയം ആയിരുന്നു.

ഭക്ഷണാനന്തരം, യേശുവും ശിഷ്യന്മാരും ഒലിവു മലയിലേക്കു നടന്നുപോയി. യേശു പറഞ്ഞു, “നിങ്ങൾ എല്ലാവരും ഇന്നു രാത്രി എന്നെ ഉപേക്ഷിക്കും. “ഞാൻ ഇടയനെ വെട്ടും, എല്ലാ ആടുകളും ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.”

പത്രൊസ് മറുപടി പറഞ്ഞത്, മറ്റുള്ള എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും, ഞാൻ ഉപേക്ഷിക്കയില്ല1” അപ്പോൾ യേശു പത്രൊസിനോട്, “സാത്താൻ നിങ്ങൾ എല്ലാവരെയും വേണമെന്ന് ആഗ്രഹിച്ചു, എന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥന കഴിച്ചു. പത്രൊസേ നിന്റെ വിശ്വാസം നഷ്ടപ്പെട്ടു പോകാതിരിക്കേണ്ടതിനു ഞാൻ നിനക്കുവേണ്ടിയും പ്രാർത്ഥന കഴിച്ചു. എന്നിരുന്നാലും ഇന്ന് രാത്രി , കോഴി കൂവുന്നതിനു മുൻപേ നീ എന്നെ അറിയുകയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറയും..”

അപ്പോൾ പത്രൊസ് യേശുവിനോട് പറഞ്ഞത്, “ഞാൻ മരിക്കേണ്ടി വന്നാലും ഞാൻ ഒരിക്കലും നിന്നെ നിഷേധിക്കുകയില്ല!” മറ്റുള്ള എല്ലാ ശിഷ്യന്മാരും അങ്ങനെ തന്നെ പറഞ്ഞു.

തുടർന്ന് യേശു തന്റെ ശിഷ്യന്മാരുമായി ഗെത്ശെമന എന്നു വിളിച്ചിരുന്ന സ്ഥലത്തേക്ക് പോയി. സാത്താൻ അവരെ പരീക്ഷിക്കാതെ ഇരിക്കേണ്ടതിന് ശിഷ്യന്മാരോട് പ്രാർഥിക്കുവാനായി യേശു പറഞ്ഞു. തുടർന്ന് യേശു തനിയെ പ്രാർഥിക്കുവാനായി പോയി.

യേശു മൂന്നു പ്രാവശ്യം പ്രാർഥിച്ചു, “എന്റെ പിതാവേ, സാധ്യമാകുമെങ്കിൽ, ദയവായി ഈ കഷ്ടതയുടെ പാനപാത്രം ഞാൻ കുടിക്കുവാൻ ഇടയാക്കരുതെ. എന്നാൽ ജനത്തിന്റെ പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ വേറൊരു മാർഗ്ഗവും ഇല്ലെങ്കിൽ, അങ്ങയുടെ ഇഷ്ടം തന്നെ നിറവേറുമാറാകട്ടെ.” യേശു വളരെ വ്യാകുലപ്പെട്ടവനായി തന്റെ വിയർപ്പ്, രക്തത്തുള്ളിപോലെ ആയിരുന്നു. ദൈവം ഒരു ദൂതനെ തന്നെ ശക്തീകരിക്കുവാൻ വേണ്ടി അയച്ചു.

ഓരോ പ്രാർഥനക്ക് ശേഷവും, യേശു തന്റെ ശിഷ്യന്മാരുടെ അടുക്കലേക്കു തിരികെ വന്നിരുന്നു, അവരോ ഗാഡനിദ്രയിൽ ആയിരുന്നു. അവിടുന്ന് മൂന്നാം പ്രാവശ്യം മടങ്ങി വന്നപ്പോൾ, യേശു പറഞ്ഞു, “ഉണർന്നെഴുന്നേൽക്കുക! എന്നെ ഒറ്റു കൊടുക്കുന്നവൻ ഇവിടെയുണ്ട്.”

യൂദായും യഹൂദ നേതാക്കന്മാരോടും, പടയാളികളോടും, ഒരു ബഹുപുരുഷാരത്തോടും കൂടെ യൂദ വന്നു. അവർ വാളുകളും വടികളും വഹിച്ചിരുന്നു. യൂദാ യേശുവിന്റെ അടുക്കൽ വന്നിട്ട്, “ഗുരോ, വന്ദനം,”എന്നു പറഞ്ഞു ചുംബനം നൽകി. ഇത് യഹൂദ നേതാക്കന്മാർക്ക് ബന്ധിക്കേണ്ട വ്യക്തിയെ കാണിച്ചുക്കൊടുക്കേണ്ടതിന് ആയിരുന്നു. അപ്പോൾ യേശു, “യൂദാസേ, നീ എന്നെ ഒരു ചുംബനത്താൽ ഒറ്റുകൊടുക്കുന്നുവോ?” എന്ന് പറഞ്ഞു.

പടയാളികൾ യേശുവിനെ പിടിച്ചുകൊണ്ടിരിക്കവേ, പത്രൊസ് അവന്റെ വാൾ ഊരി മഹാപുരോഹിതന്റെ വേലക്കാരന്റെ ചെവി അറുത്തു. യേശു പറഞ്ഞു, “വാൾ എടുത്തുമാറ്റുക! എന്നെ പ്രതിരോധിക്കുവാൻ എനിക്ക് എന്റെ പിതാവിനോട് ദൂതന്മാരുടെ ഒരു സൈന്യത്തെ ആവശ്യപ്പെദുവാൻ കഴിയുമായിരുന്നു. എന്നാൽ ഞാൻ എന്റെ പിതാവിനെ അനുസരിക്കേണ്ടിയിരിക്കുന്നു.” തുടർന്ന് യേശു ആ മനുഷ്യന്റെ ചെവി സൗഖ്യമാക്കി. അനന്തരം എല്ലാ ശിഷ്യന്മാരും ഓടിപ്പോയി.
ശുഭം
നിങ്ങൾ യേശു ഒറ്റുകൊടുക്കപ്പെട്ടു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 26:14–56; മർക്കോസ് 14:10–50; ലൂക്കാ 22:1–53; യോഹന്നാൻ 18:1–11.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
