ദൈവസഭ ആരംഭിക്കുന്നു
അപ്പസ്തോലന്മാരുടെ നടപടികൾ 1:12–14; 2

യേശു സ്വർഗ്ഗത്തേക്കു മടങ്ങിപ്പോയശേഷം, യേശു കൽപ്പിച്ചപ്രകാരം ശിഷ്യന്മാർ യെരുശലേമിൽ തന്നെ താമസിച്ചു. അവിടെ വിശ്വാസികൾ തുടർച്ചയായി പ്രാർത്ഥനക്കുവേണ്ടി ഒന്നിച്ചുകൂടി.

എല്ലാവർഷവും, പെസഹയ്ക്കു 50 ദിവസങ്ങൾക്കു ശേഷം പെന്തക്കൊസ്ത് എന്നു വിളിക്കുന്ന പ്രധാനപ്പെട്ട ദിവസം യഹൂദന്മാർ ആഘോഷിച്ചു വന്നിരുന്നു. പെന്തക്കൊസ്ത് എന്നത് യഹൂദന്മാർ ഗോതമ്പ് കൊയ്ത്ത് ആഘോഷിച്ചു വന്ന സമയം ആയിരുന്നു. പെന്തക്കൊസ്ത് ആചരിക്കേണ്ടതിനു ലോകം മുഴുവൻ ഉണ്ടായിരുന്ന യഹൂദന്മാർ യെരുശലേമിൽ കൂടിവന്നിരുന്നു. ഈ വർഷം, പെന്തക്കൊസ്ത് എന്നത് യേശു സ്വർഗ്ഗാരോഹണം ചെയ്ത് ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ആയിരുന്നു.

വിശ്വാസികൾ എല്ലാവരും ഒരുമിച്ചു കൂടി വന്നപ്പോൾ, അവർ ഇരുന്ന വീട് മുഴുവൻ ശക്തമായ കൊടുംമുഴക്ക ശബ്ദത്താൽ നിറഞ്ഞു. അപ്പോൾ അഗ്നിനാവുകൾ എന്നപോലെ എന്തോ ഒന്ന് അവിടെ ഉണ്ടായിരുന്ന സകല വിശ്വാസികളുടെ ശിരസ്സിന്മേലും വന്നു പ്രത്യക്ഷപ്പെട്ടു. അവർ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ദൈവത്തെ അന്യഭാഷകളിൽ സ്തുതിക്കുകയും ചെയ്തു. ഈ ഭാഷകൾ സംസാരിക്കുവാൻ പരിശുദ്ധാത്മാവ് തന്നെയാണ് അവർക്ക് സാധ്യമാക്കിയത്.

യെരുശലേമിൽ ഉള്ളവർ ഈ ശബ്ദം കേട്ടപ്പോൾ, അവർ കൂട്ടത്തോടെ എന്താണ് സംഭവിച്ചത് എന്നു കാണുവാനായി കടന്നുവന്നു. അപ്പോൾ വിശ്വാസികൾ ദൈവം ചെയ്‌തതായ മഹത്വമേറിയ കാര്യങ്ങൾ പ്രഖ്യാപിക്കുന്നതു കേട്ടു. അവർ ഇത് അവരുടെ സ്വന്ത ഭാഷകളിൽ കേൾക്കുവാൻ ഇടയായതിനാൽ ആശ്ചര്യപ്പെട്ടു.

ചിലർ ഈ ശിഷ്യന്മാർ മദ്യപാനം ചെയ്തിരിക്കുന്നു എന്നു പറയുവാൻ ഇടയായി. എന്നാൽ പത്രൊസ് എഴുന്നേറ്റു നിന്ന് അവരോടു പറഞ്ഞത്, “എന്നെ ശ്രദ്ധിക്കുവിൻ! ഈ ആളുകൾ മദ്യപിച്ചവർ അല്ല! പകരം, നിങ്ങൾ കാണുന്നതെന്തെന്നാൽ പ്രവാചകനായ യോവേൽ സംഭവിക്കുമെന്ന് പറഞ്ഞതു തന്നെയാണ്: ‘അന്ത്യനാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.”

“ഇസ്രയേൽ പുരുഷന്മാരെ, താൻ ആരെന്നു കാണിക്കേണ്ടതിനു നിരവധി അത്ഭുതങ്ങൾ കാണിച്ച വ്യക്തിയാണ് യേശു. ദൈവശക്തിയാൽ താൻ നിരവധി അത്ഭുതങ്ങൾ ചെയ്യുവാൻ ഇടയായി. നിങ്ങൾക്ക് അവ അറിയാം, എന്തുകൊണ്ടെന്നാൽ നിങ്ങൾ അവ കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ അവനെ ക്രൂശിച്ചു!”

“യേശു മരിച്ചു, എന്നാൽ ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചു “ഇത് ഒരു പ്രവാചകൻ എഴുതിയതിനെ യഥാർത്ഥമാക്കി: “നിന്റെ പരിശുദ്ധനെ കല്ലറയിൽ ദ്രവത്വം കാണുവാൻ സമ്മതിക്കുകയില്ല. ‘ദൈവം യേശുവിനെ വീണ്ടും ജീവനിലേക്ക് ഉയിർപ്പിച്ചു എന്നതിനു ഞങ്ങൾ സാക്ഷികൾ ആകുന്നു” എന്നു പറഞ്ഞു.

“പിതാവായ ദൈവം യേശുവിനെ തന്റെ വലത്തു ഭാഗത്ത് ഇരുത്തി യേശുവിനെ ആദരിച്ചിരിക്കുന്നു. യേശു താൻ നൽകുമെന്നു വാഗ്ദത്തം ചെയ്തതുപോലെ തന്റെ പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് അയച്ചുതന്നിരിക്കുന്നു. നിങ്ങൾ ഇപ്പോൾ കാണുന്നതും കേൾക്കുന്നതുമായ സംഗതികളെ പരിശുദ്ധാത്മാവ് ആണ് സംഭവ്യമാക്കിയിരിക്കുന്നത്.’’

“നിങ്ങൾ യേശുവെന്ന മനുഷ്യനെ ക്രൂശിച്ചു. എന്നാൽ ദൈവം യേശുവിനെ എല്ലാവർക്കും കർത്താവായും മശീഹയായും ആക്കി വെച്ചിരിക്കുന്നു എന്നു തീർച്ചയായും അറിഞ്ഞുകൊള്ളട്ടെ.!”

പത്രൊസിനെ കേട്ടുകൊണ്ടിരുന്ന ജനം താൻ പ്രസ്താവിച്ച കാര്യങ്ങൾ നിമിത്തം ഹൃദയത്തിൽ ചലനമുള്ളവരായി തീർന്നു. ആയതിനാൽ അവർ പത്രൊസിനോടും ശിഷ്യന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചു.

പത്രൊസ് അവരോടു പറഞ്ഞത്, “ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണ്ടതിനു നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ പാപങ്ങളിൽനിന്നും മാനസ്സാന്തരപ്പെടുകയും, യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനപ്പെടുകയും വേണം. അപ്പോൾ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കും ലഭിക്കും” എന്നാണ്.

ഏകദേശം 3,000 പേർ പത്രൊസ് പറഞ്ഞത് വിശ്വസിക്കുകയും യേശുവിന്റെ ശിഷ്യന്മാർ ആകുകയും ചെയ്തു. അവർ സ്നാനപ്പെടുകയും യെരുശലേം സഭയുടെ ഭാഗമാകുകയും ചെയ്തു.

വിശ്വാസികൾ തുടർമാനമായി അപ്പൊസ്തലന്മാരുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവർ എപ്പോഴും ഒരുമിച്ചു കൂടിവരികയും ഭക്ഷിക്കുകയും ഒത്തൊരുമിച്ചു പ്രാർത്ഥന കഴിക്കുകയും ചെയ്തു. അവർ ഒരുമനസ്സോടെ ദൈവത്തെ സ്തുതിക്കുകയും അവർക്കുണ്ടായതെല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്തു. പട്ടണത്തിൽ ഉള്ള എല്ലാവരും അവരെക്കുറിച്ച് നല്ല അഭിപ്രായം ഉള്ളവരായി. അനുദിനവും, കൂടുതൽ ജനം വിശ്വാസികൾ ആയിത്തീർന്നു.
ശുഭം
നിങ്ങൾ ദൈവസഭ ആരംഭിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: അപ്പസ്തോലന്മാരുടെ നടപടികൾ 1:12–14; 2.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
