ദൈവം യാക്കോബിനെ അനുഗ്രഹിക്കുന്നു
ഉല്പത്തി 25:27–35:29

ബാലന്മാർ വളർന്നു വന്നപ്പോൾ, യാക്കോബ് ഭവനത്തിൽ തന്നെ താമസിക്കുവാൻ ഇഷ്ടപ്പെട്ടു, എന്നാൽ ഏശാവ് മൃഗങ്ങളെ വേട്ടയാടുവാൻ ഇഷ്ടപ്പെട്ടു. റിബേക്ക യാക്കോബിനെ സ്നേഹിച്ചു, എന്നാൽ യിസഹാക്ക് ഏശാവിനെ സ്നേഹിച്ചു.

ഒരു ദിവസം, ഏശാവ് വേട്ട കഴിഞ്ഞ് മടങ്ങിവന്നു, അവൻ വളരെ വിശപ്പുള്ളവനായിരുന്നു ഏശാവ് യാക്കോബിനോട്, “നീ പാചകം ചെയ്തിരിക്കുന്ന ഭക്ഷണത്തിൽ കുറച്ച് എനിക്കു തരിക” എന്നു പറഞ്ഞു. അതിനു യാക്കോബ് മറുപടിയായി, “ആദ്യം, നീ ആദ്യജാതനായി ജനിച്ചതുകൊണ്ട് നിനക്ക് ലഭിക്കുന്ന സകലവും എനിക്ക് തരാമെന്നു വാക്കു തരിക” എന്ന് പറഞ്ഞു. അതുകൊണ്ട് ഏശാവ് സകലവും യാക്കോബിന് നൽകാമെന്നു വാഗ്ദത്തം നൽകി. അനന്തരം യാക്കോബ് അവനു കുറച്ച് ആഹാരം നൽകി.

ഏശാവിനു തന്റെ അനുഗ്രഹങ്ങൾ നൽകണമെന്ന് യിസഹാക്ക് ആഗ്രഹിച്ചു. എന്നാൽ താൻ അത് ചെയ്യുന്നതിന്നു മുമ്പ് റിബേക്കയും യാക്കോബും ചേർന്ന് യാക്കോബിനെ ഏശാവിനെപ്പോലെ അഭിനയിപ്പിച്ചു തന്നെ പറ്റിച്ചു. യിസഹാക്ക് വളരെ വയോധികനും കാഴ്ച ഇല്ലാത്തവനും ആയിരുന്നു. അതുകൊണ്ട് യാക്കോബ് ഏശാവിന്റെ വസ്ത്രം ധരിക്കുകയും തന്റെ കഴുത്തിലും കൈകളിലും ആട്ടിൻതോൽ പൊതിയുകയും ചെയ്തു.

യാക്കോബ് യിസഹാക്കിന്റെ അടുക്കൽ വന്നു പറഞ്ഞത്, “ഞാൻ ഏശാവ് ആകുന്നു. നീ എന്നെ അനുഗ്രഹിക്കേണ്ടതിനു ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നു.” യിസഹാക്ക് ആട്ടിൻരോമത്തെ തൊട്ടു നോക്കുകയും വസ്ത്രങ്ങളുടെ ഗന്ധം ഗ്രഹിക്കുകയും ചെയ്തശേഷം അത് ഏശാവ് തന്നെ എന്ന് കരുതി അവനെ അനുഗ്രഹിച്ചു.

യാക്കോബ് ഏറ്റവും മൂത്തപുത്രൻ എന്ന സ്ഥാനവും തന്റെ അനുഗ്രഹങ്ങളും മോഷ്ടിച്ചതിനാൽ ഏശാവ് യാക്കോബിനെ വെറുത്തു. ആയതിനാൽ താൻ പിതാവ് മരിച്ചതിനുശേഷം യാക്കോബിനെ വധിക്കുവാൻ തീരുമാനിച്ചു.

എന്നാൽ റിബേക്ക ഏശാവിന്റെ പദ്ധതി കേട്ടു. അതിനാൽ അവളും യിസഹാക്കും ചേർന്ന് യാക്കോബിനെ അവളുടെ ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനു ദൂരദേശത്തേക്ക് അയച്ചു.

റിബേക്കയുടെ ബന്ധുക്കളോടുകൂടെ യാക്കോബ് വളരെ വർഷങ്ങൾ ജീവിച്ചു. ആ കാലഘട്ടത്തിൽ താൻ വിവാഹിതൻ ആകുകയും തനിക്കു പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയും ഉണ്ടാകുകയും ചെയ്തു. ദൈവം അവനെ ഒരു മഹാ ധനികൻ ആക്കുകയും ചെയ്തു.

കനാനിൽ ഉള്ള തന്റെ വീട്ടിൽ നിന്നും ഇരുപതു വർഷം അകന്നു നിന്നശേഷം തന്റെ കുടുംബത്തോടും, വേലക്കാരോടും തന്റെ എല്ലാ മൃഗ സമ്പത്തോടുംകൂടെ യാക്കോബ് മടങ്ങി.

ഏശാവ് ഇപ്പോഴും തന്നെ കൊല്ലുവാൻ ഇരിക്കുന്നു എന്ന് യാക്കോബ് വളരെയധികം ഭയപ്പെട്ടു. ആയതു കൊണ്ട് ഒരു സമ്മാനമായി മൃഗങ്ങളുടെ കൂട്ടങ്ങളെ അയച്ചു. മൃഗങ്ങളെ കൊണ്ടുവന്ന വേലക്കാർ ഏശാവിനോട് പറഞ്ഞത്, “താങ്കളുടെ ദാസൻ, യാക്കോബ്, ഈ മൃഗങ്ങളെ അങ്ങേക്ക് നൽകുന്നു. അദ്ദേഹം ഉടനെതന്നെ ഇങ്ങോട്ട് വരുന്നു” എന്നാണ്.

എന്നാൽ യാക്കോബിനെ ഉപദ്രവിക്കുവാൻ ഏശാവ് ആഗ്രഹിച്ചിരുന്നില്ല. പകരമായി, അവനെ വീണ്ടും കാണുന്നതിൽ താൻ വളരെ സന്തുഷ്ടൻ ആയിരുന്നു. തുടർന്ന് യാക്കോബ് കനാനിൽ സമാധാനമായി ജീവിച്ചു. അനന്തരം യിസഹാക്ക് മരിക്കുകയും യാക്കോബും ഏശാവും കൂടെ ചേർന്നു അദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു. ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി വാഗ്ദത്തങ്ങൾ യിസഹാക്കിൽനിന്നും യാക്കോബിന് നൽകപ്പെടുകയും ചെയ്തു.
ശുഭം
നിങ്ങൾ ദൈവം യാക്കോബിനെ അനുഗ്രഹിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 25:27–35:29.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
