
ദൈവത്തെ “പിതാവേ” എന്നു വിളിക്കാൻ ഈശോ തന്റെ സ്നേഹിതരെ പഠിപ്പിച്ചു. “അബ്ബാ” എന്ന വാക്കുപോലും അവിടുന്ന് ഉപയോഗിച്ചു. സ്നേഹം നിറഞ്ഞ ഒരു വിളിയാണ് അത്; നമ്മൾ “അപ്പാ” എന്നു വിളിക്കുന്നതുപോലെ.

ദൈവം ഒരു കുറവുമില്ലാത്ത പിതാവാണ്. അവിടുന്നു നമ്മെ സൃഷ്ടിച്ചു, നമ്മെ പരിപാലിക്കുന്നു, നമുക്ക് ആവശ്യമുള്ളതു തരുന്നു. നമ്മെ ശ്രദ്ധിക്കാൻ സമയമില്ലാത്തവിധം അവിടുന്ന് ഒരിക്കലും തിരക്കിലല്ല. നാം മനസ്തപിക്കുമ്പോൾ അവിടുന്ന് എപ്പോഴും നമ്മോടു ക്ഷമിക്കുന്നു.

ഒരിക്കൽ ഈശോ പറഞ്ഞു: ആകാശത്തിലെ പക്ഷികളെ നോക്കുവിൻ. അവ വിത്തു വിതയ്ക്കുന്നില്ല, കളപ്പുരകളിൽ ഭക്ഷണം ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരല്ലേ നിങ്ങൾ?

അമ്മയും അപ്പയും വല്യപ്പച്ചനും വല്യമ്മച്ചിയും, നമ്മെ പരിപാലിക്കുന്ന എല്ലാവരും, ദൈവസ്നേഹത്തിൽ പങ്കുചേരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും നല്ല മാതാപിതാക്കളെക്കാളും പൂർണ്ണമായി ദൈവം നമ്മെ സ്നേഹിക്കുന്നു.

മാമ്മോദീസയിലൂടെ നാം ദൈവത്തിന്റെ മക്കളായിത്തീരുന്നു. അതിനർത്ഥം ദൈവം വെറും ഏതോ “ഒരു” പിതാവല്ല എന്നാണ്. അവിടുന്നു നിങ്ങളുടെ സ്വന്തം പിതാവാണ്; നിങ്ങൾ അവിടുത്തെ കുടുംബത്തിന്റെ ഭാഗമാണ്.
