
ഈശോയുടെ കാലത്ത് ഇടയന്മാർ രാവും പകലും തങ്ങളുടെ ആടുകളെ പരിപാലിച്ചിരുന്നു. അവർ ആടുകളെ പച്ചപ്പുല്ലിലേക്കും തെളിനീരിലേക്കും നയിച്ചു, ചെന്നായ്ക്കളിൽനിന്നു സംരക്ഷിച്ചു. ഓരോ ആടിനെയും അവർക്കു പേരുചൊല്ലി അറിയാമായിരുന്നു.

ഈശോ പറഞ്ഞു: “ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു.”

നൂറ് ആടുകളുള്ള ഒരു ഇടയനെക്കുറിച്ച് ഈശോ ഒരു ഉപമ പറഞ്ഞു. ഒരു ആട് വഴിതെറ്റി കാണാതെപോയി. ഇടയൻ മറ്റു തൊണ്ണൂറ്റൊമ്പതിനെയും വിട്ട്, അതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു. പിന്നെ സന്തോഷത്തോടെ അതിനെ തോളിലേറ്റി വീട്ടിലേക്കു കൊണ്ടുപോയി!

ഈശോ തന്നെക്കുറിച്ചുതന്നെയാണ് നമ്മോടു പറയുന്നത്. പാപം ചെയ്ത് നാം ദൈവത്തിൽനിന്ന് അകന്നുപോയാൽ ഈശോ നമ്മെ അന്വേഷിച്ചു വരുന്നു. അവിടുന്ന് ഒരിക്കലും നമ്മെ കൈവിടുന്നില്ല.

തന്റെ ആടുകൾ തന്റെ സ്വരം തിരിച്ചറിയുന്നു എന്നും ഈശോ പറഞ്ഞു. പ്രാർത്ഥിക്കുമ്പോഴും ബൈബിൾ വായിക്കുമ്പോഴും വിശുദ്ധ കുർബാനയിൽ ശ്രദ്ധിച്ചിരിക്കുമ്പോഴും അവിടുത്തെ സ്വരം കേൾക്കാൻ നാം പഠിക്കുന്നു.
