
മോശയെ നേതാവാക്കി, ദൈവം തന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. പിന്നെ സീനായ് മലയിൽവച്ച്, രണ്ടു കൽപ്പലകകളിൽ എഴുതിയ പത്തു കല്പനകൾ ദൈവം മോശയ്ക്കു നൽകി.

നമ്മുടെ സന്തോഷം കളയാനുള്ളതല്ല കല്പനകൾ. മലമ്പാതയുടെ അരികിലുള്ള സുരക്ഷാവേലികൾപോലെയാണ് അവ: അവ നമ്മെ സുരക്ഷിതരാക്കുകയും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കും സ്നേഹത്തിലേക്കുമുള്ള വഴി കാണിച്ചുതരികയും ചെയ്യുന്നു.

ആദ്യത്തെ മൂന്നു കല്പനകൾ ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്നു നമ്മെ പഠിപ്പിക്കുന്നു. മറ്റ് ഏഴെണ്ണം അയൽക്കാരനെ എങ്ങനെ സ്നേഹിക്കണമെന്നു പഠിപ്പിക്കുന്നു.
- നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. (ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക.)
- ദൈവത്തിന്റെ തിരുനാമം വൃഥാ എടുക്കരുത്. (ദൈവത്തിന്റെ നാമം സ്നേഹത്തോടെ ഉച്ചരിക്കുക.)
- കർത്താവിന്റെ ദിവസം ശുദ്ധമാക്കുവാൻ ഓർമ്മിക്കുക. (ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും വിശ്രമിക്കുകയും ചെയ്യുക.)
- മാതാപിതാക്കന്മാരെ ബഹുമാനിക്കുക. (മാതാപിതാക്കളെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുക.)
- കൊല്ലരുത്. (ജീവൻ സംരക്ഷിക്കുക; ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കരുത്.)
- വ്യഭിചാരം ചെയ്യരുത്. (വിവാഹിതർ തങ്ങളുടെ സ്നേഹവാഗ്ദാനം പാലിക്കുന്നു; നിങ്ങളുടെ ശരീരത്തെ ആദരിക്കുക.)
- മോഷ്ടിക്കരുത്. (നിങ്ങളുടേതല്ലാത്തത് എടുക്കരുത്.)
- കള്ളസാക്ഷി പറയരുത്. (സത്യം പറയുക.)
- അന്യന്റെ ഭാര്യയെ മോഹിക്കരുത്. (ഹൃദയം നിർമ്മലമായി സൂക്ഷിക്കുക.)
- അന്യന്റെ വസ്തുക്കൾ മോഹിക്കരുത്. (നിങ്ങൾക്കുള്ളതിനു നന്ദിയുള്ളവരായിരിക്കുക.)

കല്പനകളെ ഇല്ലാതാക്കാനല്ല, അവ പൂർത്തിയാക്കാനാണു താൻ വന്നതെന്ന് ഈശോ പറഞ്ഞു. സ്നേഹത്തോടെ അവ എങ്ങനെ ജീവിക്കാമെന്ന് അവിടുന്നു നമുക്കു കാണിച്ചുതന്നു.
