
തെറ്റാണെന്ന് അറിയാവുന്നതു ചെയ്യാൻ തിരഞ്ഞെടുക്കുന്നതാണ് പാപം. പാപം ചെയ്യുമ്പോൾ നാം ദൈവസ്നേഹത്തോട് “വേണ്ട” എന്നു പറയുന്നു; ദൈവവുമായും മറ്റുള്ളവരുമായുമുള്ള നമ്മുടെ സൗഹൃദത്തെ മുറിപ്പെടുത്തുന്നു.

ചില പാപങ്ങൾ വളരെ ഗൗരവമുള്ളവയാണ്. ഗൗരവമായ ഒരു തെറ്റ്, അതു തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്വതന്ത്രമായി ചെയ്യാൻ തിരഞ്ഞെടുക്കുന്നതാണ് മാരകപാപം. അതു ദൈവവുമായുള്ള നമ്മുടെ സൗഹൃദം തകർക്കുന്നു. ലഘുപാപങ്ങൾ എന്നു വിളിക്കുന്ന ഗൗരവം കുറഞ്ഞ പാപങ്ങൾ ആ സൗഹൃദത്തെ ദുർബ്ബലമാക്കുന്നു.

അപകടങ്ങളും അബദ്ധങ്ങളും പാപമല്ല. പാപം എപ്പോഴും ഒരു തിരഞ്ഞെടുപ്പാണ്.

രണ്ടു പുത്രന്മാരുള്ള ഒരു പിതാവിനെക്കുറിച്ച് ഈശോ ഒരു കഥ പറഞ്ഞു. ഇളയ മകൻ കുടുംബസ്വത്തിൽ തന്റെ ഓഹരി ചോദിച്ചുവാങ്ങി, വീടുവിട്ടുപോയി, അതെല്ലാം ധൂർത്തടിച്ചു. താമസിയാതെ അവൻ വിശന്നു വലഞ്ഞു. പന്നികളെ തീറ്റുന്ന ജോലിയായി അവന്; അവയുടെ തീറ്റയെങ്കിലും തിന്നാൻ കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു!

അപ്പോൾ അവൻ തന്റെ പിതാവിന്റെ ഭവനത്തെക്കുറിച്ച് ഓർത്തു. വീട്ടിലേക്കു തിരിച്ചുപോയി ക്ഷമ ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ ദൂരെയായിരിക്കുമ്പോൾത്തന്നെ പിതാവ് അവനെ കണ്ടു; ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു; ഒരു വലിയ വിരുന്നൊരുക്കി. “എന്റെ ഈ മകൻ നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു!”

ദൈവത്തിന്റെ കരുണ നമുക്കു കാണിച്ചുതരാനാണ് ഈശോ ഈ കഥ പറഞ്ഞത്. ദൈവം ആ പിതാവിനെപ്പോലെയാണ്; നമ്മെ വീട്ടിലേക്കു സ്വാഗതം ചെയ്യാൻ അവിടുന്ന് എപ്പോഴും നോക്കിയിരിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു.
