
സഭയുടെ ഏറ്റവും മഹത്തായ പ്രാർത്ഥനയാണ് വിശുദ്ധ കുർബാന. അതിൽ ഈശോ തന്നെത്തന്നെ പിതാവിന് അർപ്പിക്കുന്നു; തന്റെ വചനംകൊണ്ടും തിരുശരീരരക്തങ്ങൾകൊണ്ടും നമ്മെ പോഷിപ്പിക്കുന്നു.

വിശുദ്ധ കുർബാനയ്ക്ക് ഒരു ആരംഭവും ഒരു സമാപനവും കൂടാതെ രണ്ടു പ്രധാന ഭാഗങ്ങളുണ്ട്, വചനശുശ്രൂഷയും ദിവ്യകാരുണ്യശുശ്രൂഷയും:
- പ്രാരംഭകർമ്മങ്ങൾ: നാം പാട്ടുപാടുന്നു, കുരിശടയാളം വരയ്ക്കുന്നു, ദൈവത്തിന്റെ കരുണ യാചിക്കുന്നു (“കർത്താവേ, കരുണയായിരിക്കണമേ”), മിക്ക ഞായറാഴ്ചകളിലും “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം” പാടുന്നു.
- വചനശുശ്രൂഷ: ബൈബിളിൽനിന്നുള്ള വായനകൾ നാം ശ്രവിക്കുകയും ഒരു സങ്കീർത്തനം പാടുകയും ചെയ്യുന്നു. സുവിശേഷവായനയ്ക്കു നാം എഴുന്നേറ്റുനിൽക്കുന്നു. വൈദികനോ ശെമ്മാശനോ വചനപ്രഘോഷണത്തിൽ അതു വിശദീകരിക്കുന്നു. പിന്നെ നാം വിശ്വാസപ്രമാണം ചൊല്ലുകയും വിശ്വാസികളുടെ പ്രാർത്ഥന നടത്തുകയും ചെയ്യുന്നു.
- ദിവ്യകാരുണ്യശുശ്രൂഷ: അപ്പവും വീഞ്ഞും ബലിപീഠത്തിലേക്കു കൊണ്ടുവരുന്നു. ദിവ്യകാരുണ്യപ്രാർത്ഥനയിൽ അവ ഈശോയുടെ തിരുശരീരവും തിരുരക്തവുമായി മാറുന്നു. നാം “സ്വർഗ്ഗസ്ഥനായ പിതാവേ” ചൊല്ലുന്നു, പരസ്പരം സമാധാനം ആശംസിക്കുന്നു, “ദൈവത്തിന്റെ കുഞ്ഞാടേ” ചൊല്ലുന്നു, വിശുദ്ധ കുർബാന സ്വീകരിക്കുന്നു.
- സമാപനകർമ്മങ്ങൾ: വൈദികൻ നമ്മെ ആശീർവദിച്ച് പറഞ്ഞയയ്ക്കുന്നു: “സമാധാനത്തിൽ പോകുവിൻ.” ഇനി നാം ഈശോയെ മറ്റുള്ളവരുടെ അടുക്കലേക്കു കൊണ്ടുപോകുന്നു!

ഈശോ ഒരു ഞായറാഴ്ചയാണ് മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റത്. അതുകൊണ്ട് കത്തോലിക്കർ കർത്താവിന്റെ ദിവസമായ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു. ഓരോ ഞായറാഴ്ചയും ഒരു കൊച്ച് ഈസ്റ്റർ പോലെയാണ്.
