
നാലാം കല്പന: “മാതാപിതാക്കന്മാരെ ബഹുമാനിക്കുക.” സ്നേഹത്തിന്റെ ആദ്യത്തെ ഇടമാകാനാണ് ദൈവം കുടുംബത്തെ സൃഷ്ടിച്ചത്. മക്കൾ വീട്ടിൽ താമസിക്കുമ്പോൾ ആദരവോടെയും നന്ദിയോടെയും അനുസരണയോടെയും മാതാപിതാക്കളെ ബഹുമാനിക്കുന്നു; പിന്നീട്, അവർക്കു പ്രായമാകുമ്പോൾ അവരെ പരിചരിച്ചുകൊണ്ടും.

മാതാപിതാക്കളാകട്ടെ, മക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കാനും, പ്രത്യേകിച്ച് ദൈവത്തെക്കുറിച്ചു പഠിപ്പിക്കാനും, വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരുടെയും നന്മയ്ക്കായി ശുശ്രൂഷ ചെയ്യുന്ന അധ്യാപകരെയും നേതാക്കളെയും ബഹുമാനിക്കാനും ഈ കല്പന നമ്മോട് ആവശ്യപ്പെടുന്നു.

അഞ്ചാം കല്പന: “കൊല്ലരുത്.” ദൈവം ഓരോ മനുഷ്യനെയും തന്റെ ഛായയിൽ സൃഷ്ടിച്ചതുകൊണ്ട്, ആരംഭംമുതൽ സ്വാഭാവികമരണംവരെ ഓരോ മനുഷ്യജീവനും പവിത്രമാണ്.

കൊല്ലാതിരിക്കുന്നതിനെക്കാൾ ആഴമുള്ളതാണ് ഈ കല്പനയെന്ന് ഈശോ പഠിപ്പിച്ചു. മുഷ്ടികൊണ്ടോ വാക്കുകൾകൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതും, മറ്റുള്ളവരെ ഉപദ്രവിച്ചു ഭയപ്പെടുത്തുന്നതും, ദേഷ്യം മനസ്സിൽ സൂക്ഷിക്കുന്നതുമെല്ലാം ഇതിനു വിരുദ്ധമാണ്. നമ്മുടെ സ്വന്തം ആരോഗ്യം ശ്രദ്ധിച്ചുകൊണ്ടും നാം ജീവനെ ആദരിക്കുന്നു.

പകരം, സമാധാനം സ്ഥാപിക്കുന്നവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്: ദേഷ്യം നിയന്ത്രിക്കാനും ക്ഷമിക്കാനും ബലഹീനരെയും അപകടത്തിലായവരെയും സംരക്ഷിക്കാനും.
