
ഏഴാം കല്പന: “മോഷ്ടിക്കരുത്.” മറ്റുള്ളവർക്കുള്ളതിനെ നാം ആദരിക്കുന്നു. അതായത്, സാധനങ്ങൾ എടുക്കാതിരിക്കുക, കടം വാങ്ങിയതു തിരികെ കൊടുക്കുക, കള്ളത്തരം കാണിക്കാതിരിക്കുക, കളികളിലും ജോലിയിലും ന്യായം പാലിക്കുക, നാം കേടുവരുത്തുന്നതു നന്നാക്കുകയോ അതിനു പകരം പണം നൽകുകയോ ചെയ്യുക.

സൃഷ്ടിയെ പരിപാലിക്കാനും ഈ കല്പന നമ്മോട് ആവശ്യപ്പെടുന്നു. നമുക്കുശേഷം ജീവിക്കാനിരിക്കുന്നവർ ഉൾപ്പെടെ എല്ലാ മനുഷ്യർക്കുമായാണ് ദൈവം ഭൂമി നൽകിയത്; മൃഗങ്ങളോടു നാം ദയയോടെ പെരുമാറുകയും വേണം.

ദൈവത്തിന്റെ ദാനങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ളതാണ്. അതുകൊണ്ട് ദരിദ്രരെ സ്നേഹിക്കാനും ആവശ്യത്തിലായിരിക്കുന്നവരുമായി പങ്കുവയ്ക്കാനും ഈ കല്പന നമ്മെ വിളിക്കുന്നു.

പത്താം കല്പന: “അന്യന്റെ വസ്തുക്കൾ മോഹിക്കരുത്.” മറ്റുള്ളവർക്കുള്ളതിനെ ഓർത്തു സങ്കടപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നതാണ് അസൂയ. നാം എന്തെങ്കിലും എടുക്കുന്നതിനു മുമ്പുതന്നെ അതു നമ്മുടെ സന്തോഷം മോഷ്ടിച്ചേക്കാം!

ഈശോ പറഞ്ഞു: കീടങ്ങളും തുരുമ്പും നശിപ്പിക്കുന്ന ഭൂമിയിൽ നിക്ഷേപങ്ങൾ ശേഖരിച്ചുവയ്ക്കരുത്; സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ ശേഖരിച്ചുവയ്ക്കുവിൻ. നന്ദിയും ഉദാരതയുമുള്ള ഹൃദയമാണ് യഥാർത്ഥത്തിൽ സമ്പന്നം.
