
ഓശാന ഞായറാഴ്ച ഈശോ ഒരു കഴുതപ്പുറത്തു ജറുസലേമിലേക്കു പ്രവേശിച്ചു; ജനക്കൂട്ടം ചില്ലകൾ വീശി “ഓശാന!” എന്ന് ആർത്തുവിളിച്ചു. എന്നാൽ ചില മതനേതാക്കൾ അവിടുത്തെ ഒരു ഭീഷണിയായി കണ്ടു; പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് മുപ്പതു വെള്ളിക്കാശിന് അവിടുത്തെ ഒറ്റിക്കൊടുക്കാൻ സമ്മതിച്ചു.

വ്യാഴാഴ്ച വൈകുന്നേരം, പെസഹാക്കാലത്ത്, ഈശോ തന്റെ ശ്ലീഹന്മാരോടൊപ്പം അവസാനമായി ഭക്ഷണം കഴിച്ചു. ഒരു ദാസനെപ്പോലെ അവിടുന്ന് അവരുടെ പാദങ്ങൾ കഴുകി; അവർക്ക് ഒരു പുതിയ കല്പന നൽകി: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.” പിന്നെ അവിടുന്ന് അപ്പമെടുത്തു: “ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്”; പാനപാത്രവുമെടുത്തു: “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ.” അങ്ങനെ അവിടുന്നു നമുക്കു വിശുദ്ധ കുർബാനയും പൗരോഹിത്യവും നൽകി.

ഗത്സെമനി തോട്ടത്തിൽ ഈശോ കഠിനവേദനയോടെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.” അവിടുന്നു ബന്ധിക്കപ്പെട്ടു; അവിടുത്തെ സ്നേഹിതർ ഓടിപ്പോയി; പത്രോസ് മൂന്നുപ്രാവശ്യം അവിടുത്തെ തള്ളിപ്പറഞ്ഞു. ആദ്യം പ്രധാനപുരോഹിതന്റെയും പിന്നീടു റോമൻ ദേശാധിപതിയായ പന്തിയോസ് പീലാത്തോസിന്റെയും മുമ്പിൽ അവിടുന്നു വിചാരണ ചെയ്യപ്പെട്ടു. ഈശോ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും പീലാത്തോസ് അവിടുത്തെ കുരിശിൽ തറയ്ക്കാൻ വിധിച്ചു.

ഈശോ ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു, മുൾക്കിരീടം അണിയിക്കപ്പെട്ടു, തന്റെ കുരിശു ചുമന്നുകൊണ്ടു ഗോൽഗോഥായിലേക്കു പോകാൻ നിർബന്ധിതനായി. അവിടെ രണ്ടു കുറ്റവാളികളുടെ നടുവിൽ അവിടുന്നു കുരിശിൽ തറയ്ക്കപ്പെട്ടു. കുരിശിൽനിന്ന് അവിടുന്നു ക്ഷമിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.” അനുതപിച്ച കള്ളനു പറുദീസാ വാഗ്ദാനം ചെയ്തു; തന്റെ അമ്മയെ പ്രിയശിഷ്യനായ യോഹന്നാനെ ഏല്പിച്ചു.

ഈശോയുടെ മരണത്തിന് ഉത്തരവാദി ആരാണ്? അന്നത്തെയോ ഇന്നത്തെയോ യഹൂദജനത്തെ മുഴുവനായി അതിനു കുറ്റപ്പെടുത്തരുതെന്നു സഭ പഠിപ്പിക്കുന്നു. എല്ലാ പാപികളും അതിന്റെ ഉത്തരവാദിത്വത്തിൽ പങ്കുചേരുന്നു; നമ്മൾ ഓരോരുത്തരും അതിൽ ഉൾപ്പെടുന്നു. എല്ലാറ്റിനുമുപരി, ഈശോ സ്വതന്ത്രമായി തന്റെ ജീവൻ അർപ്പിച്ചു: “ആരും അത് എന്നിൽനിന്ന് എടുക്കുന്നില്ല.”

ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഈശോ മരിച്ചു. ഓരോ മനുഷ്യനോടുമുള്ള സ്നേഹത്താൽ, ലോകം മുഴുവന്റെയും പാപങ്ങൾക്കുവേണ്ടിയുള്ള പരിപൂർണ്ണബലിയായി അവിടുന്നു തന്റെ ജീവൻ അർപ്പിച്ചു. അവിടുത്തെ ശരീരം ഒരു കല്ലറയിൽ സംസ്കരിച്ചു; ഒരു വലിയ കല്ല് അതിന്റെ വാതിൽക്കൽ ഉരുട്ടിവച്ചു.
