
ആദിയിൽ ആകാശമില്ലായിരുന്നു, കടലില്ലായിരുന്നു, മരങ്ങളും മൃഗങ്ങളും ഇല്ലായിരുന്നു. അപ്പോൾ ദൈവം അരുളിച്ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ!” അപ്പോൾ വെളിച്ചം ഉണ്ടായി.

ഓരോ ദിവസവും ദൈവം കൂടുതൽ കൂടുതൽ സൃഷ്ടിച്ചു. അവിടുന്ന് ആകാശവും കടലുകളും ഉണ്ടാക്കി. പൂക്കളും മരങ്ങളും നിറഞ്ഞ കര ഉണ്ടാക്കി. സൂര്യനെയും ചന്ദ്രനെയും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും ഉണ്ടാക്കി. വെള്ളം മത്സ്യങ്ങളെക്കൊണ്ടും ആകാശം പക്ഷികളെക്കൊണ്ടും നിറച്ചു. എല്ലാത്തരം മൃഗങ്ങളെയും അവിടുന്ന് ഉണ്ടാക്കി.

ഏറ്റവും അവസാനം ദൈവം മനുഷ്യരെ സൃഷ്ടിച്ചു. താൻ ഉണ്ടാക്കിയതിനെ നോക്കിയപ്പോഴെല്ലാം അതു നല്ലതാണെന്നു ദൈവം കണ്ടു. എല്ലാം പൂർത്തിയാക്കിയപ്പോൾ അവിടുന്ന് എല്ലാറ്റിനെയും നോക്കി. അത് വളരെ നല്ലതായിരുന്നു!

ദൈവം സൃഷ്ടിച്ച ഓരോന്നും അവിടുത്തെക്കുറിച്ച് നമ്മോട് എന്തെങ്കിലും പറയുന്നു. അവിടുന്ന് എത്ര ശക്തനാണെന്ന് മലകൾ കാണിക്കുന്നു. അവിടുന്ന് എത്ര സുന്ദരനാണെന്ന് പൂക്കൾ കാണിക്കുന്നു. അവിടുന്ന് നമ്മെ എങ്ങനെ പരിപാലിക്കുന്നുവെന്ന് മഴയും ഭക്ഷണവും കാണിക്കുന്നു.

ദൈവം മനുഷ്യർക്ക് ഒരു പ്രത്യേക ജോലി നൽകി: അവിടുത്തെ ലോകത്തെ പരിപാലിക്കുക. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സൃഷ്ടികളെ അത്രമാത്രം സ്നേഹിച്ചു. അദ്ദേഹം സൂര്യനെ സഹോദരൻ എന്നും ചന്ദ്രനെ സഹോദരി എന്നും വിളിച്ചു. അവയ്ക്കുവേണ്ടി അദ്ദേഹം ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
