ത്രികാലജപം
കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാൽ അവൾ ഗർഭം ധരിച്ചു. നന്മ നിറഞ്ഞ മറിയമേ സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹീതയാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടു പ്രാർത്ഥിക്കണമേ. ആമ്മേൻ. ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ. നന്മ നിറഞ്ഞ മറിയമേ … വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. നന്മ നിറഞ്ഞ മറിയമേ … ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. നമുക്കു പ്രാർത്ഥിക്കാം: സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങേ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരം അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാസഹനവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമയിലേക്ക് ആനീതരാകുവാൻ അങ്ങേ പ്രസാദവരം ഞങ്ങളുടെ ഹൃദയങ്ങളിൽ ചൊരിയണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.
